പൂക്കോട് : യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍. സര്‍വ്വകലാശാലയില്‍ നിന്നും വിജയിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡലും വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗവര്‍ണര്‍ വിതരണം ചെയ്തു. ബിരുദ പഠനത്തിന് ശേഷം ജോലി ചെയ്യുകയെന്നത് മാത്രമാകരുത് യുവജനങ്ങളുടെ ലക്ഷ്യമെന്നും മറ്റുള്ളവര്‍ക്ക് ജോലി നല്കാനുതകുന്ന നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ രണ്ട് സര്‍വ്വകലാശാലകളില്‍ മാത്രമാണ് പൗള്‍ട്രി സയന്‍സില്‍ കോഴ്സുകള്‍ നടക്കുന്നത്്. അതിലൊന്ന് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതോടെ വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, എം.വി.എസ്.സി, പി.എച്ച്.ഡി, ബി.ടെക് (ഡയറി സയന്‍സ്), എം.ടെക്, പി.എച്ച്.ഡി, ബി.എസ്.സി (പി.പി.ബി.എം), വിവിധ ഡിപ്ലോമ കോഴ്സുകള്‍ വിജയികരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സര്‍വ്വകലാശാല പ്രൊ-ചാന്‍സലറും മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി പരിപാടിയില്‍ അധ്യക്ഷയായി. വൈസ്-ചാന്‍സലര്‍ പ്രൊഫ കെ.എസ്. അനില്‍, രജിസ്ട്രാര്‍ പ്രൊഫ പി. സുധീര്‍ബാബു, അക്കാദമിക്-ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രൊഫ സി. ലത തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!