സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കടുപ്പിച്ചതോടെ വയനാട്ടില്‍ ജാഗ്രത ശക്തമാക്കി. അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തസാധ്യതാ മേഖലകളില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ജില്ലാ ഭരണകൂടം അടിയന്തര മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. നാളെ മുതല്‍ മഴ അതിതീവ്രമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ റവന്യൂ ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍ദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ദുരന്തസാധ്യതാ മേഖലകളില്‍ തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച് ജനങ്ങള്‍ മുന്‍കൂട്ടി വിവരം ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മേല്‍ക്കൂര ഉറപ്പില്ലാത്ത വീടുകളിലും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലുമുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മരങ്ങള്‍ വീഴല്‍, വൈദ്യുതി തടസം തുടങ്ങിയ സാധ്യതകളും കണക്കിലെടുത്താണ് മുന്നറിയിപ്പ്.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഔദ്യോഗിക മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കാലാവസ്ഥാ സാഹചര്യങ്ങള്‍ മണിക്കൂറുകള്‍ക്കകം മാറാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.
Comments (0)
No comments yet. Be the first to comment!