പുൽപ്പള്ളി
കർണാടകം സരഗൂറിൽനിന്ന് പിടികൂടിയ നരഭോജി കടുവയെ കേരള വനാതിർത്തിയിൽ തുറന്നുവിട്ട കർണാടകം വനംവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ മൂന്നുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെ കർണാടകം വനംവകുപ്പ് പിടികൂടി മരക്കടവ് കൊളവള്ളിയ്‌ക്ക് സമീപം ബേഗൂർ നന്ദ്ര വനമേഖലയിൽ അടുത്തിടെ തുറന്നുവിട്ടിരുന്നു. നന്ദ്ര വനമേഖലയിൽനിന്ന് കിലോമീറ്ററുകൾ അകലെ വണ്ടിക്കടവ് ചെത്തിമറ്റത്ത് ആദിവാസി വയോധികൻ കൂമനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഇൗ കടുവയാണെന്നാണ് സംശയം. കൂമനെ കൊലപ്പെടുത്തിയ കടുവ കേരള വനംവകുപ്പിന്റെ കടുവകളുടെ പട്ടികയിൽപ്പെട്ടതല്ല. ചീയമ്പം 73 ഉന്നതിയിൽ പോത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയതും ഞായർ വൈകിട്ട് മാടപ്പള്ളിക്കുന്ന് ഉന്നതിയ്‌ക്ക് സമീപം കണ്ടതും കർണാടകം തുറന്നുവിട്ട കടുവ തന്നെയാകാം. കർണാടകത്തിൽ മനുഷ്യരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കേരളത്തിലെ ജനവാസമേഖലയ്‌ക്ക് സമീപം തുറന്നുവിട്ട നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നരഭോജി കടുവയെ അതിർത്തിയിൽ തുറന്നുവിട്ടത് കേരളത്തിലെ ജനങ്ങളോടുള്ള ദ്രോഹമാണ്. നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പ് ഉടനടി നടപടിയെടുക്കണം. കടുവ സാന്നിധ്യമുണ്ടായ പ്രദേശത്ത് കാമറയും കൂടും സ്ഥാപിക്കണം. വീണ്ടും കടുവ ജനവാസമേഖലയിൽ എത്താതിരിക്കാൻ വനംവകുപ്പ് രാത്രിയും പകലും പട്രോളിങ്ങും കാവലും ഏർപ്പെടുത്തണം. സംസ്ഥാന വനംവകുപ്പ് വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to comment!