കാപ്പി വിളവെടുപ്പ് കാലമായതോടെ കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടി കര്‍ഷകര്‍. കൂട്ടമായെത്തുന്ന കുരങ്ങന്‍മാര്‍ കാപ്പിക്കുരു പറിച്ച് നശിപ്പിക്കുന്നതിനാല്‍ പച്ചക്കാപ്പിവരെ പറിച്ചെടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷിനാശത്തിനുപുറമെ വീടുകള്‍ക്കുള്ളില്‍കടന്നും കുരങ്ങുകള്‍ നാശംനഷ്ടങ്ങള്‍ വരുത്തുന്നതും തുടര്‍സംഭവമായിരിക്കുകയാണ്.


നൂല്‍പ്പുഴയില്‍ കാട്ടാന, കാട്ടുപന്നി, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിനുപുറമെയാണ് കുരങ്ങുശല്യവും രൂക്ഷമായിരിക്കുന്നത്. കാപ്പി വിളവെടുപ്പുകാലമായതോടെ കുരങ്ങുശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. പഴുത്ത കാപ്പിക്കുരുകള്‍ പറിച്ച് തിന്നുകയാണ് ചെയ്യുന്നത്. കാപ്പിച്ചെടിയുടെ ശിഖരങ്ങള്‍ ഒടിച്ചുനശിപ്പിക്കുന്നതും പതിവാണ്. ഇതോടെ പാകമാകുന്നതിനുമുമ്പ് പച്ചക്കാപ്പി പറിച്ചെടുക്കേണ്ട അവസ്ഥയിലാണ് എല്ലാകര്‍ഷകരും.

കൂട്ടാമായെത്തുന്ന കുരങ്ങുകള്‍ കൃഷിനാശത്തിനുപുറമെ വീടുകള്‍ക്കുള്ളില്‍ കയറിയും നാശനഷ്ടം വരുത്തുകയാണ്. നൂല്‍പ്പുഴയിലെ ഓടപ്പള്ളം വളളുവാടി മേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നിരവധി വീടുകളുടെ ഓടുകള്‍ പൊളിച്ചുംമറ്റും വീടുകള്‍ക്കുള്ളില്‍ കടന്ന് ഭക്ഷണവസ്തുക്കളും വസ്ത്രങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ചു. ശല്യരൂക്ഷമയതോടെ ഇവയെ പിടികൂടി ഉള്‍വനങ്ങളില്‍ വിടണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.