സാങ്കേതിക ലോകത്ത്  നിര്‍ണ്ണായക വഴിത്തിരുവ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ക്ടോബര്‍ 14 മുതല്‍ മൈക്രോസോഫ്റ്റ്  വിന്‍ഡോസ് 10-നുള്ള പൂര്‍ണ്ണ പിന്തുണ അവസാനിപ്പിക്കുന്നു.ഈ തീയതിക്ക് ശേഷം, വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകളോ സാങ്കേതിക സഹായമോ ലഭിക്കില്ല, ഇത് സൈബര്‍ ഭീഷണികള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കും.
മൈക്രോസോഫ്റ്റിന്റെ  തീരുമാനം ഒരു ചെറിയ കാര്യമല്ല. ഒക്ടോബര്‍ 14 ന് ശേഷം നിങ്ങളുടെ കമ്പ്യൂട്ടറിന് പുതിയ സുരക്ഷാ അപ്‌ഡേറ്റുകളോ മറ്റ് നിര്‍ണ്ണായക പരിഷ്‌കാരങ്ങളോ ലഭിക്കില്ല. നിങ്ങളുടെ സിസ്റ്റം സൈബര്‍ ആക്രമണങ്ങള്‍ക്കും വൈറസുകള്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ ഇരയാകാന്‍ സാധ്യതയുണ്ട്.
വിന്‍ഡോസ് 10-ല്‍ നിന്ന് സൗജന്യമായി വിന്‍ഡോസ് 11-ലേക്ക് മാറാനുള്ള അവസരമുണ്ടെങ്കിലും, മൈക്രോസോഫ്റ്റ് മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ കടുപ്പമേറിയതാണ്. 8th ജനറേഷന്‍ അല്ലെങ്കില്‍ അതിലും പുതിയ ഇന്റല്‍ പ്രോസ്സസര്‍, 4 GB റാം, TPM 2.0 പോലുള്ള പ്രത്യേക സെക്യൂരിറ്റി ചിപ്പ്ഇവയെല്ലാം വിന്‍ഡോസ് 11 പ്രവര്‍ത്തിക്കാന്‍ അത്യാവശ്യമാണ്.
ഇതോടെ, നിലവില്‍ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ നിബന്ധനകള്‍ പാലിക്കാത്ത ലക്ഷക്കണക്കിന് പഴയ കമ്പ്യൂട്ടറുകള്‍ പെട്ടെന്ന് 'വിപണിക്ക് പുറത്തുള്ളവ' അഥവാ 'ഒബ്‌സൊലീറ്റ്' ആയി മാറും. ഇത് ഉപയോക്താക്കളെ പുതിയ ഹാര്‍ഡ്വെയര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുമോ എന്ന സംശയവും ഉയരുന്നു.
അതുകൊണ്ട്, ആകര്‍ഷകമായ വിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ലാപ്ടോപ്പുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഒക്ടോബര്‍ 14-ന് ശേഷം വളരെയധികം ശ്രദ്ധിക്കുക. നിങ്ങള്‍ വാങ്ങുന്ന ഉപകരണം വിന്‍ഡോസ് 11-നെ പിന്തുണയ്ക്കുന്നതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ അധികം വൈകാതെ അതൊരു 'ഷോ പീസ്' ആയി മാറിയേക്കാം!