പ്രളയത്തില്‍ തകര്‍ന്ന രണ്ട്് പാലങ്ങള്‍ 7 വര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. കോളേരി നരസിപ്പുഴയ്ക്ക് കുറുകെയുള്ള പാലവും വെള്ളിമലയിലെ കുണ്ടിച്ചിറ പാലവുമാണ് അപകടാവസ്ഥയിലുള്ളത്. ഏതു നിമിഷവും നിലം പൊത്താവുന്ന പാലങ്ങളിലൂടെ ജിവന്‍ കയ്യില്‍ പിടിച്ചാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്.

2018 ലെ പ്രളയത്തിലാണ് കോളേരി നരസിപുഴക്ക് കുറുകെ ഉള്ള പാലവും വെള്ളിമല കുണ്ടിച്ചിറ പാലവും തകര്‍ന്നത്. ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലങ്ങളാണിത്. 1978 ല്‍ നിര്‍മ്മിച്ച നരസി പുഴക്ക് കുറുകെ നിര്‍മിച്ച പാലത്തിന്റെ അരിക് ഭിത്തിയും കൈവരികളും തകര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം തകര്‍ന്ന പൂതാടി പഞ്ചായത്തിലെ മറ്റ് 3 പാലങ്ങള്‍ പുനനിര്‍മിച്ചെങ്കിലും ഈ പാലത്തെ അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളിമല റോഡിലെ കുണ്ടിച്ചിറപ്പാലവും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പാലം തകര്‍ന്നപ്പോള്‍ സ്ഥലത്തെത്തിയ അധികൃതര്‍ പാലം ഉടന്‍ പുതുക്കി പണിയുമെന്ന്ഉറപ്പുനല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകര്‍.