സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766വഴി സഞ്ചരിക്കുന്നവര്‍ക്കും കാട് കാണാനെത്തുന്നവര്‍ക്കും അനുഗ്രഹമായി വനംവകുപ്പ് കാടോരം വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കല്ലൂര്‍ 67ല്‍ ദേശീയപാതയോരത്താണ് കാടോരം വിശ്രമകേന്ദ്രം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും വാഹനം പാര്‍ക്കുചെയ്യാനടക്കമുളള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവാഹമടക്കമുള്ള ആവശ്യങ്ങള്‍ക്കും കാടോരം വിശ്രമകേന്ദ്രം വിട്ടുനല്‍കാനാണ് വനംവകുപ്പിന്റെ തീരുമാനം. സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും ശുചിത്വം ഉറപ്പ് വരുത്തുന്നതിനും നല്ലശീലം വളര്‍ത്തുന്നതിനുമായി 2023 മെയിലാണ് കാടോരം ആരംഭിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആറുമാസത്തിനകം അടച്ചുപൂട്ടി. പിന്നീട് രണ്ട വര്‍ഷത്തിനുശേഷമാണ് കാടോരം തുറക്കുന്നത്. കുടിവെള്ളം, ലഘുഭക്ഷണം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, പേ പാര്‍ക്കിങ്, ചായ, കാപ്പി, യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈഫൈ, ഫോണ്‍ചാര്‍ജ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെ വൈകാതെ ഒരുക്കും. ദേശീയപാത766 വഴി കാട് കടന്ന് ജില്ലയിലേക്ക് എത്തുന്നവര്‍ക്കും കാടുകാണാനെത്തുന്നവര്‍്ക്കും ഇത് ഏറെ ഉപകാരപ്രദമാകും.വാഹനങ്ങള്‍ക്ക് 25 രൂപമുതല്‍ സീറ്റ് അടിസ്ഥാനമാക്കി അഞ്ഞൂറ് രൂപവരെയാണ് ഈടാക്കുക. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി ഒരുമണിക്കൂര്‍ സമയാണ് കാടോരത്തില്‍ അനുവദിക്കുക. വിവാഹആവശ്യങ്ങള്‍ക്കും കാടോരത്തില്‍ സൗകര്യംചെയ്തുനല്‍കാനുമാണ് വനംവകുപ്പിന്റെ തീരുമാനം. വയനാട് വന്യജീവിസങ്കേതത്തിലെ സുല്‍ത്താന്‍ബത്തേരി റേഞ്ചില്‍ പൊന്‍കുഴി സെക്ഷനുകീഴിലെ ഇഡിസിക്കാണ് കാടോരം നോക്കിനടത്താനുള്ള ചുമതല. കാടോരത്തിന്റെ ഉദ്ഘാടനം എ.സി.എഫ് എം ജോഷില്‍ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ബത്തേരി റെയിഞ്ചര്‍ നസ്ന, മുത്തങ്ങ റെയിഞ്ചര്‍ സജ്ഞയ്കുമാര്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ പ്രദീപ്കുമാര്‍, പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റര്‍ എ. അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.